Sunday, 3 November 2013

പിന്നീട് നീ മാത്രമാകുമ്പോള്‍


നിന്‍റെ നെറ്റിയില്‍ തൊട്ടൊരാ രക്തവര്‍ണ്ണ-
പ്പൊട്ട് കട്ടെടുത്തെന്‍റെ ചിത്രക്കടലാസില്‍ പതിച്ച്
അതില്‍ നിന്‍റെ കണ്ണീരുപ്പ് വെള്ളം കലര്‍ത്തി-
ച്ചോപ്പ് ചായം പടര്‍ത്തുന്നതാണ് പ്രിയേ
എന്‍റെ എല്ലാ സായാഹ്നങ്ങളും.
താഴ്വരകളിലേക്ക്, മലകളിലേക്ക്
കാടുകളിലേക്ക്...,
അങ്ങനെ പച്ചതേടിയുള്ള
എന്‍റെ എല്ലാ യാത്രകളുടെയും അവസാനം
നീ മാത്രമാണ് പ്രിയേ...,
എന്‍റെ ഭൂമിയും ആകാശവും നീയാണ്.
നിന്‍റെ നീല ഞരമ്പുകളില്‍ നിന്ന്
എന്‍റെ വിത്ത് ഭക്ഷിക്കട്ടെ പ്രിയേ,
നിന്‍റെ ശ്വാസബാക്കിയില്‍നിന്ന് ശ്വസിക്കട്ടെ,
എനിക്കുമപ്പുറം ഞാന്‍ നിന്നിലൊരു
മരമാകുവാന്‍ വേണ്ടി മാത്രം.

Sunday, 19 May 2013

ഒരു പ്രവാസികൂടി ജനിക്കുമ്പോള്‍


ഒരു ചെറിയ വിത്തിനെ വലിയ കാറ്റ്‌ വിളിക്കുന്നത്‌ പോലെയാണ്
പ്രവാസത്തിലേയ്ക്കുള്ള ടിക്കറ്റ്‌
ഒരു യാത്ര അത്ര മാത്രം.
സ്വന്തം വേരുകളുടെ പോഷണത്തില്‍ നിന്ന്
തടിയുടെ താങ്ങില്‍ നിന്ന്
ശിഖരത്തിന്റെ കരുതലില്‍ നിന്ന്
പിന്നെ,
കായയുടെ മധുരിക്കുന്ന പോത്തിപ്പിടിക്കലില്‍ നിന്ന്
പ്രണയഗുരുത്വാകര്ഷണത്തിന്റെ
അവസാനസീമയും ലംഘിച്ച്,
മുളയ്ക്കാന്‍ മഞ്ഞുപുതപ്പിന്റെ ചൂട്‌ മാത്രം തേടി
അല്ലെങ്കില്‍
വേര് പടര്ത്താന്‍ ഒരു മരുഭൂമിയുടെ നനവ്‌ മാത്രം പ്രതീക്ഷിച്ച്,
ജനിക്കുംമുമ്പേ അവസാന ഫലത്തിനും വിലയിടപ്പെട്ട്.

നാളെ ആ വിത്തിന്റെ സ്വപ്നങ്ങളിലെ അവസാന പച്ചയും മരിക്കും.

Saturday, 11 May 2013

അമ്മരുചിക്കൂട്ട്

 


നിനക്ക് പുളിയാണ്
ഉപ്പും കയ്പ്പുമാണ്
ഇതുവരെ ആരും പേരിടാത്ത
പച്ചപ്പുല്ലിന്റെ രുചിപോലും ഉണ്ട് നിനക്ക്.

ഒരിക്കല്‍ നിന്റെ ഈ രുചികളെല്ലാം കട്ടെടുത്ത്
ഞാന്‍ എന്റെ ഗര്ഭപാത്രത്തില്‍ നട്ടുവയ്ക്കും
എന്നിട്ട്
എന്റെ മാറില്‍ മധുരം മുളയ്ക്കുന്നത് കാത്തിരിക്കും

എന്റെ ഭാരം

ചില സത്യങ്ങള്‍ക്ക് , രഹസ്യങ്ങള്‍ക്ക്
വല്ലാത്ത ഭാരമുണ്ട്  
മനസ്സില്‍ വച്ച വലിയ കല്ലിന്റെ ഭാരം.

അങ്ങിനെ
തീരെ സഹിക്കാനാവാത്തൊരു കല്ല്‌
ഇന്നലെ ഞാനെന്റെ
നെഞ്ചില്‍ നിന്നെടുത്ത്‌
കഴുത്തില്‍ കെട്ടിയിട്ടിട്ടുണ്ട് .

ഇന്നീ കടല്‍ തീരത്തെ
തണുപ്പില്‍
കാറ്റില്‍
നിലാവില്‍
നമ്മുടെ സ്വപ്നങ്ങളില്‍
ഞാന്‍ മറന്നു പോകുന്നുണ്ട്
നാളെ
എനിക്ക് നിന്നെ നഷ്ടപ്പെടുന്ന കടലിലെ
എന്റെ വീര്‍പ്പുമുട്ടലിന്റെ
ആഴമാണ് ആ കല്ലെന്നു.....,

Sunday, 28 April 2013

മകള്‍ക്ക്

വീട് വയ്ക്കാന്‍ ഒരിത്തിരി സ്ഥലം വേണമെന്നുണ്ട്.
പുല്ലുള്ള പൂവുള്ള പുഴയുള്ള
ഒരിത്തിരി പച്ച വേണമെന്ന് അവന്‍ പറഞ്ഞു
കൊള്ളാം...
പക്ഷെ, നിങ്ങളുടെ പല്ലും നഖവും തട്ടി
എന്റെ കുഞ്ഞിന്റെ ചോര പൊടിയാത്ത നാട് മതിയെനിക്ക്
ഞങ്ങള്‍ അവളെ നിങ്ങളൊക്കെ പറയുന്നത് പോലെ മാത്രം വളര്ത്താം .
ഒരമ്മക്കരുതലിന്റെ കണ്മഷി കുത്ത് കൊണ്ട് പോലും
ഒരിക്കലും ഞാന്‍ അവളെ ഒരുക്കാതിരിക്കാം.
കുഞ്ഞു വിരല്ത്തുമ്പ് പോലും കാണാത്ത നീളന്‍ ഉടുപ്പുകള്‍
അവന്‍ അവള്ക്കു തുന്നിക്കൊടുക്കും
സത്യമായും നിങ്ങളുടെ മണമുള്ള ചോരപ്പാടുകള്‍
എന്റെ കുഞ്ഞിന്റെ ദേഹത്തുനിന്ന്
എണ്ണി എടുക്കാന്‍ വയ്യെനിക്ക്
നിങ്ങള്‍ തന്നെ പറയൂ ഏതു നാട്ടില്‍ പോകണം ഞങ്ങള്‍
അവളെ പ്രസവിച്ച് വളര്ത്താന്‍ ?

Tuesday, 2 April 2013

പ്രണയത്തിന്റെ ചെറിയ ചില കണ്ടുപിടിത്തങ്ങള്‍

പ്രണയിക്കുമ്പോള്‍ എന്റെ കണ്ണുകളില്‍
ഓരോ നക്ഷത്രക്കുഞ്ഞുങ്ങള്‍  ജനിക്കാറുണ്ടെന്നു
കണ്ടുപിടിച്ചത് നീയാണ്.
പ്രണയിച്ചുറങ്ങുന്ന രാത്രികളില്‍
എന്റെ കവിളികളില്‍ ഓരോ കുട്ടി സൂര്യന്മാര്‍
ഉദിക്കാറുണ്ടെന്ന് കണ്ടുപിടിച്ചതും.
ഇനി വെള്ളം നനഞ്ഞിരിക്കുന്നത് എന്തുകൊണ്ടാണെന്ന്
കണ്ടുപിടിച്ച് കഴിയുമ്പോള്‍,
എന്റെ പുഴകളില്‍ ഉപ്പ് കലക്കിയതാരാണെന്നു കൂടി
നീ കണ്ടുപിടിച്ചു തരണം.

Saturday, 26 January 2013

കളങ്കപ്പെടുമ്പോള്‍

ഇലക്കത്രികകള്‍ ചിതറിച്ചു കളഞ്ഞ മഴനൂലിഴകള്‍......,
പച്ചിലപ്പുഴു തിന്ന തളിര്‍മാവില ....,
മേഘം കറപിടിപ്പിച്ച പൗര്‍ണമിച്ചന്ദ്രന്‍....,
അക്ഷരത്തെറ്റ് വന്ന നിന്റെ കവിത....,

എത്ര  സുന്ദരമാണ്  കളങ്കപ്പെടലിന്റെ ചില അടയാളങ്ങള്‍.
അന്ന്  ആ രാത്രിയില്‍  നീ അവളുടെ  നെറ്റിയില്‍ തൊട്ട
വലിയ ചുവന്ന പൊട്ടില്ലേ, അത് പോലെ ,

Monday, 7 January 2013

ആകെ നനഞ്ഞ വരികള്‍

എന്ത് കൊണ്ടാണ് എന്റെ വരികളില്‍ എപ്പോഴും മഴ പെയ്യുന്നത്
മഴവില്ല് കാണാ ബാല്യ നൊമ്പരം പെയ്തു തീരുന്നതാണോ?
കൌമാരം എഴുതിയ പുസ്തകത്താളിലെ മഴമയില്‍പ്പീലികവിതകള്‍
പെറ്റ് പെരുകുന്നതാണോ?
അല്ലെങ്കില്‍ ആ  പ്രണയ നൊമ്പര മഴയ്ക്ക്‌ പെയ്യാന്‍
എന്റെ രാത്രികളും പുതപ്പും മതിയാവാത്തതാണോ?



My Guardian Dear

I would like to stay so close to you,
to tuck my face in the warmth of your chest,
to be held tight with your arm,
and to enjoy your heavenly fragrance.

I just wish to see the world a little differently, but much more beautifully
thats why I always wish to see it through your eyes,
glowing tiny lakes.
you are flawless my guardian dear,
you are absolutely flawless.