Wednesday, 12 December 2012

ഒരിക്കല്‍ മാത്രം കാറ്റിനെ അറിഞ്ഞവള്‍

കാറ്റ് എപ്പോഴും മരചില്ലകളുടെതാണ്
ചിലപ്പോള്‍ ഒരുപാടു താഴ്ന്നു
ഒരു പുല്തലപ്പിനെ ചുംബിച്
വെറുതേ കടന്നു പോയേക്കാം പ്രിയപ്പെട്ട കാറ്റ് .

വഴിതെറ്റിവന്ന കുസൃതിക്കാറ്റിന്റെ വരവോര്‍ത്തവള്‍
കാത്തു നിന്നേക്കാം,
വസന്തം അവളില്‍
നിറം മാഞ്ഞ പൂക്കളായ് കൊഴിഞ്ഞടര്‍ന്നേക്കാം

അവളുടെ  വേനലും  വര്‍ഷവും
കാറ്റിന്റെ ചൂടാര്‍ന്ന നനവാര്‍ന്ന നിശ്വാസം മാത്രമായേക്കാം 
കാറ്റേ നീ അവളുടെ ജീവനായേക്കാം.

Tuesday, 11 December 2012

കാമുകന്‍

എന്നോട് പ്രണയമില്ലെന്നു മാത്രം പറഞ്ഞ്
നീ എനിക്ക് നീണ്ട പ്രണയലേഖനങ്ങള്‍ എഴുതി

എന്റെ ചുണ്ടുകള്‍ക്ക് രുചി പോരെന്നു പറഞ്ഞ്
നീയെന്നെ ഉമ്മവച്ചുകൊണ്ടേ ഇരുന്നു

എനിക്ക് പ്രണയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ്
എന്നും നീയെന്റെ പ്രണയത്തില്‍ ഉറങ്ങി

എന്റെ കണ്ണുകള്‍ക്ക്‌ ആഴം ഇല്ലെന്നു പറഞ്ഞ്
മണിക്കൂറുകളോളം നീയെന്നെ നോക്കിയിരുന്നു

അവസാനം എന്റെ പല്ലുകളും നഖങ്ങളും നിന്നില്‍ ഏല്പിച്ച
മുറിവുകളില്‍  പതുക്കെ തൊട്ട്
പാവം കുട്ടി എന്ന് എന്നെ ചേര്‍ത്ത് പിടിച്ചു

എന്റെ മഴക്കൂട്ട്‌

ഈ സന്ധ്യയില്‍
എന്റെ വഴികളില്‍
ഇനിയുമീമഴ തോരാത്തതെന്താവും

പിടിച്ചുലച്ചുണര്‍ത്തി അവളെ
പിന്നെയും അറിയാന്‍
ആകെ നനഞ്ഞുതളര്ന്നോരുടലാല്‍
വീണ്ടും പുണരാന്‍
ചില്ലകള്‍ ഏറെ താഴ്ത്തിപടര്‍ത്തിയോരാ നെല്ലി
മരമെന്റെ ഈ വഴിയില്‍ ഇല്ലാത്തതാലാവാം

അല്ലെങ്കില്‍ഈനേരമായെന്നെ പുണര്‍ന്ന്
ലജ്ജയേറി ചുവന്നോരീ സന്ധ്യ
പിന്നെയും ഏറെ തുടുത്ത് കലങ്ങി പിരിഞ്ഞു പോയി
വീണ്ടും ഞാന്‍ ഏകയായേക്കുമെന്നോര്‍ക്കയാലാവാം

എന്റെ കാവല്‍ മാലാഖേ....,

എന്റെ കാവല്‍ മാലാഖേ....,
ഈ തണുപ്പില്‍ ഇരുട്ടില്‍
നിന്നിലേക്കുള്ള വഴി മുഴുവന്‍ ഞാന്‍ ഒറ്റയ്ക്ക് നടക്കണോ ??
ചൂണ്ടുപലകകള്‍ ഇല്ല
പൊതിച്ചോറില്ല
പക്ഷെ
നിന്റെ ഗന്ധം എനിക്ക് അറിയാം
ദൂരെ നിന്റെ ഹൃദയമിടിപ്പ്‌ എനിക്ക് കേള്‍ക്കാം
നിന്റെ ഇമയനക്കങ്ങള്‍ പോലും എനിക്ക്  മനപ്പാഠം ആണ് 
എങ്കിലും എന്റെ മാലാഖേ..
നീ ഒന്ന് തിരിച്ചു നടന്നാല്‍
നമ്മുക്കിടയിലെ ഈ വഴി വേഗം തീര്‍ത്തു
കുറെയേറെ ദൂരം നമ്മുക്കൊന്നിച്ചു നടക്കാമായിരുന്നു
ഈ വഴി അവസാനിക്കുവോളം
എനിക്ക്‌ നിന്റെ കൈയില്‍ തൂങ്ങി നടക്കാമായിരുന്നു...,
ഞാന്‍ ക്ഷമ ചോദിക്കുന്നു
മെല്ലെ നടന്നതിനു, നമ്മുക്കിടയില്‍ അകലം കൂട്ടിയതിനു.

വാതിലുകള്‍

ഇനി വയ്യ.....
ഏറെ പറഞ്ഞ്
പിന്നെയും പറഞ്ഞ്
ഞാന്‍ മടുത്തു തുടങ്ങിയിരിക്കുന്നു,
ശരി,
( ഓ, ആ മുഖം നേരെ വയ്ക്ക്
എനിക്ക് നിങ്ങളുടെ ഭാവം തീരെ ഇഷ്ടപ്പെടുന്നില്ല )
ഞാന്‍ ഒരിക്കല്‍ കൂടി പറയാം
ആകസ്മികം ആയ ഒരു ധനക്കമ്മിയുടെ ആഘാതത്തില്‍
വഴി മറന്നു പോയതല്ല
എന്റെ വീടിന്റെ വാതിലുകളും ജനലുകളും
( നിങ്ങളുടെ ഭാവത്തിന്റെ കാര്യം മറക്കണ്ട..)
മറിച്ച്,
അനിവാര്യമായൊരു പുതിയ വിപ്ലവത്തിന്റെ കുഴലൂത്ത്കാരായി
സ്വയം അപ്രത്യക്ഷരായവര്‍ ആണവര്‍
( നിങ്ങളുടെ മുഖം.......)
അല്ലെങ്കില്‍ നിങ്ങള്‍ ആലോചിച്ചു നോക്കൂ
വാതിലില്ലായ്മയുടെ ഗുണങ്ങള്‍
സന്ദര്‍ശന നെറികേടുകളുടെ മുഖത്തേക്ക്
വലിയ ശബ്ദത്തില്‍ വാതിലടയ്ക്കേണ്ടതില്ല...,
പിന്നെ,
അറിയിക്കാതെ വന്ന പ്രിയപ്പെട്ട ഒരാള്‍
അടഞ്ഞ വാതിലിനപ്പുറം മടങ്ങിപ്പോവില്ല...,
ഒന്നും ഇല്ലെങ്കിലും,
ഇല്ലാത്ത വാതിലിന്റെ വിടവില്‍
സ്നേഹം കൊണ്ട് കാണാത്ത കോട്ട കെട്ടുന്ന ചിലരെ 
നിങ്ങള്‍ക്ക്  കാണിച്ചു തരാന്‍ എനിക്ക് കഴിഞ്ഞേക്കും
അപ്പോള്‍
വാതിലുകള്‍ ഇല്ലാത്ത ഒരു പുതിയ ലോകത്തിനു എന്റെ അഭിവാദ്യങ്ങള്‍ ..!!

Tuesday, 6 November 2012

കടന്നു പോയ വസന്തങ്ങളുടെ രാജകുമാരനു....


നീണ്ട പകലുകളില്‍ ഞാന്‍ നിനക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു,
ഉറങ്ങാത്ത രാത്രികളില്‍ നിന്നോടുള്ള പ്രണയത്താല്‍
എന്റെ ഹൃദയത്തില്‍ രക്തം കിനിഞ്ഞു,
ഇറ്റ് വീണ രക്തത്തുള്ളികളില്‍നിന്നും
ആയിരം പ്രണയകാവ്യങ്ങള്‍ ഉയിരെടുത്തു,
അവയുടെ ഇനിയും അറിയാത്ത രാഗങ്ങള്‍
നിന്നോടുള്ള എന്റെ പ്രണയത്തിന്റെ
തുളുമ്പാന്‍ വെമ്പുന്ന പാനപാത്രം വഹിച്ചിരുന്നു..,
ഇന്ന് എന്റെ വസന്തങ്ങളും
വീര്യമേറിയ വീഞ്ഞും
എന്റെ തലയിണയിലെ കണ്ണീര്‍പാടുകളും
നിന്റെ മടങ്ങിവരവിന് കാത്തിരിക്കുന്നു.
എന്റെ രാജകുമാരാ, നിന്റെ രാജകുമാരി കാത്തിരിക്കുന്നു.

Sunday, 4 November 2012

കടലോര്‍മ്മകള്‍

ഒരിക്കല്‍ തിരകള്‍ എന്നേക്കാള്‍ വലുതായിരുന്നു,
പൊള്ളുന്ന നനഞ്ഞ വെയില്‍.., ജലദോഷം.
ഇരുമ്പ്‌ മണക്കുന്ന കടല്‍ക്കാറ്റ്..., ഓക്കാനം .
ഒരേ തിരകള്‍, തിരക്ക്‌, മണലുരയല്‍.
കടലോര്‍മ്മകള്‍ക്ക് 'അസ്വസ്ഥകാണ്ഡം'
എന്ന് പേരിട്ടടച്ചുവച്ച ഓര്‍മ്മപ്പുസ്തകം പഴയ പെട്ടിയില്‍ പൊടിപിടിച്ചു.

ഞാന്‍ ഒളിച്ചിരുന്നു, ഏറെ നാള്‍.
എന്റെ  താഴ്വരകളുടെ മഞ്ഞിനെ...,
എന്റെ മഴക്കാടുകളുടെ പച്ചയെ....,
പ്രണയത്തിന്റെ വലിയ തിരകള്‍ക്കൊണ്ട്
അവന്‍  മുക്കിക്കൊല്ലുവോളവും ഞാന്‍ ഒളിച്ചിരുന്നു,

പിന്നെ ,
ചെറിയ തിരകളുടെ കുസൃതിയില്‍ അവനെന്നെ  പിടിച്ചുനിര്‍ത്തി,
വലിയ തിരകളില്‍ ഉടല്‍ മുങ്ങും വരെ വലിച്ചുകൊണ്ട് പോയി,
 കഴുത്തോളം മണല്‍ പൊതിഞ്ഞു,
മുടിയില്‍ കടല്‍ ചിപ്പി കെട്ടിയിട്ടു,
അവനെന്നെ പ്രണയിച്ചപ്പോളൊക്കെ ഞാന്‍
ഉപ്പ് വെള്ളത്തില്‍ നനഞ്ഞു,
കടല്‍ചൂടില്‍ വിയര്‍ത്തു,
കടലോര്‍മ്മകളുടെ  രണ്ടാം അദ്ധ്യയത്തില്‍ എവിടെയോ,
വന്യമായൊരു  കടല്‍ പ്രണയത്തില്‍ ഞാന്‍ മുങ്ങിപ്പോയി,
കടലിനിപ്പോള്‍, ഭ്രാന്താ....., നിന്റെ മണമാണ്.



പച്ചച്ചു പോയ മാലാഖക്കുഞ്ഞ്

ഒലിവ് ഇല തുന്നിച്ചേര്‍ത്ത ഒരു നീളന്‍ പച്ച ഉടുപ്പിട്ടാണ് 
അന്നാ പച്ച കുഞ്ഞുമാലാഖ ജനിച്ചത്‌ .
കാറ്റാടി മരങ്ങള്‍ക്കിടയിലൂടെ വീണ ആദ്യ വെയിലിന്റെ വിശുദ്ധ വലയം.
കവിളത്ത് ആദ്യ ചിരിയില്‍ വിരിഞ്ഞ പായല്‍പച്ചത്തിളക്കം.
തളിര്‍ മാവിലപ്പച്ചയില്‍ തീര്‍ത്ത കുഞ്ഞുടലിനു 
പച്ചമുന്തിരിച്ചാറിന്‍ മണം.
നഷ്ട സ്വര്‍ഗത്തിന്റെ പടികള്‍ക്ക് താഴെ
വിശുദ്ധ പൊക്കിള്‍കൊടി മുറിക്കപ്പെട്ട്,
വിശ്വാസപ്രമാണങ്ങളുടെ കരാറെഴുതാന്‍ പറ്റാത്ത 
കരിമ്പച്ച ചോരയില്‍ കുളിച്ച് 
വെറും നിലത്ത് കിടന്ന പച്ച മാലാഖക്കുഞ്ഞു.
ജന്മ പാപത്തിന്റെ വിശുദ്ധ സങ്കീര്‍ണതകളില്‍പ്പെട്ട് 
പിന്നെയും പിന്നെയും പച്ചച്ചു പോയവള്‍.