എന്റെ മരമേ, എന്റെ പ്രേമമേ,
കഞ്ചാവുള്ളതോ ഇല്ലാത്തതോ ആയ ഒരു പുകപോലും
ഇന്നീനേരം വരെ ഞാൻ എടുത്തിട്ടില്ല.
പ്രേമംകൊണ്ടല്ലാതെ തലതരിക്കാൻ ഇന്നലെ രാത്രി മുതൽഞാൻ ഒരു തുള്ളി മദ്യം തൊട്ടിട്ടില്ല.
എന്റെ മരമേ ഇന്നീ പുലർച്ചയ്ക്ക്
നിന്നെ ഞാൻ അതിമാരകമായി പ്രേമിക്കുന്നു.
നിന്റെ പായൽപ്പച്ച തടിയിൽ വെയിൽ തിളങ്ങുന്നു.
നിന്റെ ചെമ്പൻ ചെറുചില്ലകൾ വസന്തതിലേക്ക് തുടുത്തിരിക്കുന്നു.
ഇപ്പോൾ മാത്രം ജനിച്ച കുഞ്ഞിന്റെ വിരലുകൾപോലെ നിന്റെ പുതുമുകുളങ്ങൾ.
എന്റെ മരമേ, ഇനിയും ഇലമുളയ്ക്കാത്ത നിന്റെ ചില്ലകളിലൊന്നിൽ കോർന്നെന്റെ ഹൃദയം പ്രണയം വാർക്കുന്നു.
അതിസുന്ദരിയും ഗർവിഷ്ടയുമായ കാമുകിയുടെ വിരലുകൾ പോലെ എന്നിലേക്ക് നീണ്ട നിന്റെ ചില്ലകൾ,
എന്റെ നിരാസങ്ങൾ എന്നിൽ തന്നെ ചുരുക്കുന്ന നിന്റെ അതിപ്രലോഭനം.
എന്റെ മരമേ, നിന്നെ തോടാനെനിയ്ക്ക് ഭയമാണ്.
എന്റെ വിരലുകളിൽ വേരുകൾ മുളച്ചേക്കുമോ എന്ന്,
എന്റെ ആത്മാവഴിഞ്ഞു നിന്നിൽ വീണേക്കുമോ എന്ന്,
നോട്ടങ്ങൾ നിന്റെ ചില്ലകളിൽ കോർത്ത് ഈ ജനാലയരികിൽ അനന്തകാലം ഞാൻ നിന്നുപോയേക്കുമോ എന്ന്.
എന്റെ മരമേ, എന്റെ കൊടുംപ്രേമമേ.
No comments:
Post a Comment