ഒരു ചെറിയ വിത്തിനെ വലിയ കാറ്റ് വിളിക്കുന്നത് പോലെയാണ്
പ്രവാസത്തിലേയ്ക്കുള്ള ടിക്കറ്റ്
ഒരു യാത്ര അത്ര മാത്രം.
സ്വന്തം വേരുകളുടെ പോഷണത്തില്‍ നിന്ന്
തടിയുടെ താങ്ങില്‍ നിന്ന്
ശിഖരത്തിന്റെ കരുതലില്‍ നിന്ന്
പിന്നെ,
കായയുടെ മധുരിക്കുന്ന പോത്തിപ്പിടിക്കലില്‍ നിന്ന്
പ്രണയഗുരുത്വാകര്ഷണത്തിന്റെ
അവസാനസീമയും ലംഘിച്ച്,
മുളയ്ക്കാന്‍ മഞ്ഞുപുതപ്പിന്റെ ചൂട് മാത്രം തേടി
അല്ലെങ്കില്‍
വേര് പടര്ത്താന്‍ ഒരു മരുഭൂമിയുടെ നനവ് മാത്രം പ്രതീക്ഷിച്ച്,
ജനിക്കുംമുമ്പേ അവസാന ഫലത്തിനും വിലയിടപ്പെട്ട്.
നാളെ ആ വിത്തിന്റെ സ്വപ്നങ്ങളിലെ അവസാന പച്ചയും മരിക്കും.