Sunday, 3 November 2013

പിന്നീട് നീ മാത്രമാകുമ്പോള്‍


നിന്‍റെ നെറ്റിയില്‍ തൊട്ടൊരാ രക്തവര്‍ണ്ണ-
പ്പൊട്ട് കട്ടെടുത്തെന്‍റെ ചിത്രക്കടലാസില്‍ പതിച്ച്
അതില്‍ നിന്‍റെ കണ്ണീരുപ്പ് വെള്ളം കലര്‍ത്തി-
ച്ചോപ്പ് ചായം പടര്‍ത്തുന്നതാണ് പ്രിയേ
എന്‍റെ എല്ലാ സായാഹ്നങ്ങളും.
താഴ്വരകളിലേക്ക്, മലകളിലേക്ക്
കാടുകളിലേക്ക്...,
അങ്ങനെ പച്ചതേടിയുള്ള
എന്‍റെ എല്ലാ യാത്രകളുടെയും അവസാനം
നീ മാത്രമാണ് പ്രിയേ...,
എന്‍റെ ഭൂമിയും ആകാശവും നീയാണ്.
നിന്‍റെ നീല ഞരമ്പുകളില്‍ നിന്ന്
എന്‍റെ വിത്ത് ഭക്ഷിക്കട്ടെ പ്രിയേ,
നിന്‍റെ ശ്വാസബാക്കിയില്‍നിന്ന് ശ്വസിക്കട്ടെ,
എനിക്കുമപ്പുറം ഞാന്‍ നിന്നിലൊരു
മരമാകുവാന്‍ വേണ്ടി മാത്രം.