Thursday, 21 May 2015

എന്റെ മരമേ.....,


എന്റെ  മരമേ, എന്റെ പ്രേമമേ,
കഞ്ചാവുള്ളതോ ഇല്ലാത്തതോ ആയ ഒരു പുകപോലും 
ഇന്നീനേരം വരെ ഞാൻ എടുത്തിട്ടില്ല.
പ്രേമംകൊണ്ടല്ലാതെ തലതരിക്കാൻ ഇന്നലെ രാത്രി മുതൽഞാൻ ഒരു തുള്ളി മദ്യം തൊട്ടിട്ടില്ല.
എന്റെ മരമേ ഇന്നീ പുലർച്ചയ്ക്ക് 
നിന്നെ ഞാൻ അതിമാരകമായി  പ്രേമിക്കുന്നു.
നിന്റെ പായൽപ്പച്ച തടിയിൽ വെയിൽ തിളങ്ങുന്നു.
നിന്റെ ചെമ്പൻ ചെറുചില്ലകൾ വസന്തതിലേക്ക് തുടുത്തിരിക്കുന്നു.
ഇപ്പോൾ മാത്രം ജനിച്ച കുഞ്ഞിന്റെ വിരലുകൾപോലെ  നിന്റെ പുതുമുകുളങ്ങൾ.
എന്റെ മരമേ, ഇനിയും ഇലമുളയ്ക്കാത്ത നിന്റെ ചില്ലകളിലൊന്നിൽ കോർന്നെന്റെ ഹൃദയം പ്രണയം വാർക്കുന്നു.
അതിസുന്ദരിയും ഗർവിഷ്ടയുമായ കാമുകിയുടെ വിരലുകൾ പോലെ എന്നിലേക്ക്‌ നീണ്ട നിന്റെ ചില്ലകൾ,
എന്റെ നിരാസങ്ങൾ എന്നിൽ തന്നെ ചുരുക്കുന്ന നിന്റെ അതിപ്രലോഭനം.
എന്റെ മരമേ, നിന്നെ തോടാനെനിയ്ക്ക് ഭയമാണ്.
എന്റെ വിരലുകളിൽ വേരുകൾ മുളച്ചേക്കുമോ എന്ന്,
എന്റെ ആത്മാവഴിഞ്ഞു നിന്നിൽ വീണേക്കുമോ എന്ന്,
നോട്ടങ്ങൾ നിന്റെ ചില്ലകളിൽ കോർത്ത്‌ ഈ ജനാലയരികിൽ അനന്തകാലം ഞാൻ നിന്നുപോയേക്കുമോ എന്ന്.
എന്റെ മരമേ, എന്റെ കൊടുംപ്രേമമേ.

Sunday, 3 November 2013

പിന്നീട് നീ മാത്രമാകുമ്പോള്‍


നിന്‍റെ നെറ്റിയില്‍ തൊട്ടൊരാ രക്തവര്‍ണ്ണ-
പ്പൊട്ട് കട്ടെടുത്തെന്‍റെ ചിത്രക്കടലാസില്‍ പതിച്ച്
അതില്‍ നിന്‍റെ കണ്ണീരുപ്പ് വെള്ളം കലര്‍ത്തി-
ച്ചോപ്പ് ചായം പടര്‍ത്തുന്നതാണ് പ്രിയേ
എന്‍റെ എല്ലാ സായാഹ്നങ്ങളും.
താഴ്വരകളിലേക്ക്, മലകളിലേക്ക്
കാടുകളിലേക്ക്...,
അങ്ങനെ പച്ചതേടിയുള്ള
എന്‍റെ എല്ലാ യാത്രകളുടെയും അവസാനം
നീ മാത്രമാണ് പ്രിയേ...,
എന്‍റെ ഭൂമിയും ആകാശവും നീയാണ്.
നിന്‍റെ നീല ഞരമ്പുകളില്‍ നിന്ന്
എന്‍റെ വിത്ത് ഭക്ഷിക്കട്ടെ പ്രിയേ,
നിന്‍റെ ശ്വാസബാക്കിയില്‍നിന്ന് ശ്വസിക്കട്ടെ,
എനിക്കുമപ്പുറം ഞാന്‍ നിന്നിലൊരു
മരമാകുവാന്‍ വേണ്ടി മാത്രം.

Sunday, 19 May 2013

ഒരു പ്രവാസികൂടി ജനിക്കുമ്പോള്‍


ഒരു ചെറിയ വിത്തിനെ വലിയ കാറ്റ്‌ വിളിക്കുന്നത്‌ പോലെയാണ്
പ്രവാസത്തിലേയ്ക്കുള്ള ടിക്കറ്റ്‌
ഒരു യാത്ര അത്ര മാത്രം.
സ്വന്തം വേരുകളുടെ പോഷണത്തില്‍ നിന്ന്
തടിയുടെ താങ്ങില്‍ നിന്ന്
ശിഖരത്തിന്റെ കരുതലില്‍ നിന്ന്
പിന്നെ,
കായയുടെ മധുരിക്കുന്ന പോത്തിപ്പിടിക്കലില്‍ നിന്ന്
പ്രണയഗുരുത്വാകര്ഷണത്തിന്റെ
അവസാനസീമയും ലംഘിച്ച്,
മുളയ്ക്കാന്‍ മഞ്ഞുപുതപ്പിന്റെ ചൂട്‌ മാത്രം തേടി
അല്ലെങ്കില്‍
വേര് പടര്ത്താന്‍ ഒരു മരുഭൂമിയുടെ നനവ്‌ മാത്രം പ്രതീക്ഷിച്ച്,
ജനിക്കുംമുമ്പേ അവസാന ഫലത്തിനും വിലയിടപ്പെട്ട്.

നാളെ ആ വിത്തിന്റെ സ്വപ്നങ്ങളിലെ അവസാന പച്ചയും മരിക്കും.

Saturday, 11 May 2013

അമ്മരുചിക്കൂട്ട്

 


നിനക്ക് പുളിയാണ്
ഉപ്പും കയ്പ്പുമാണ്
ഇതുവരെ ആരും പേരിടാത്ത
പച്ചപ്പുല്ലിന്റെ രുചിപോലും ഉണ്ട് നിനക്ക്.

ഒരിക്കല്‍ നിന്റെ ഈ രുചികളെല്ലാം കട്ടെടുത്ത്
ഞാന്‍ എന്റെ ഗര്ഭപാത്രത്തില്‍ നട്ടുവയ്ക്കും
എന്നിട്ട്
എന്റെ മാറില്‍ മധുരം മുളയ്ക്കുന്നത് കാത്തിരിക്കും

എന്റെ ഭാരം

ചില സത്യങ്ങള്‍ക്ക് , രഹസ്യങ്ങള്‍ക്ക്
വല്ലാത്ത ഭാരമുണ്ട്  
മനസ്സില്‍ വച്ച വലിയ കല്ലിന്റെ ഭാരം.

അങ്ങിനെ
തീരെ സഹിക്കാനാവാത്തൊരു കല്ല്‌
ഇന്നലെ ഞാനെന്റെ
നെഞ്ചില്‍ നിന്നെടുത്ത്‌
കഴുത്തില്‍ കെട്ടിയിട്ടിട്ടുണ്ട് .

ഇന്നീ കടല്‍ തീരത്തെ
തണുപ്പില്‍
കാറ്റില്‍
നിലാവില്‍
നമ്മുടെ സ്വപ്നങ്ങളില്‍
ഞാന്‍ മറന്നു പോകുന്നുണ്ട്
നാളെ
എനിക്ക് നിന്നെ നഷ്ടപ്പെടുന്ന കടലിലെ
എന്റെ വീര്‍പ്പുമുട്ടലിന്റെ
ആഴമാണ് ആ കല്ലെന്നു.....,