Thursday, 12 December 2024

കാലം പ്രണയത്തോട് ചെയ്യുന്നത്

കുറച്ചും കൂടി സ്നേഹിച്ചിരുന്നെങ്കിൽ എന്ന് കൊതി തോന്നുമ്പോഴും ഇനി ഒരിക്കലും സ്നേഹിക്കാതിരിക്കട്ടെ എന്ന് ചിന്തിക്കാൻ പ്രണയം പഠിക്കും 

ഒരൊ തവണ യാത്ര പറഞ്ഞു പോകുമ്പോഴും നുറുങ്ങിപ്പോയിരുന്ന ഹൃദയം, അടുത്ത നിമിഷം ഉണ്ടായേക്കാവുന്ന ഒരു യാത്ര പറച്ചിലിന് തയാറായി നിൽക്കും 

ഒരിക്കൽ പ്രണയത്തിന്റെ ഒറ്റുകാരായിരുന്ന മൂക്കും ചുണ്ടും കണ്ണുകളുമൊക്കെ ഒരു വലിയ ചിരിയുടെ പുതപ്പണിഞ്ഞു നമ്മുടെ പ്രണയത്തോട് ദയ കാണിച്ചു തുടങ്ങും 

നീയില്ലാതെ ഇനിയൊരു ജന്മം കൂടി വയ്യെന്നറിയുമ്പോളും അടുത്ത ജന്മത്തെപ്പറ്റി നിന്നോട് തമാശ പറയും

എന്നെ കാണണമെന്ന് പറയുംമ്പോ കുറുമ്പ് കൊണ്ട് ചെറുതാവുന്ന നിന്റെ കണ്ണിൽ പ്രണയം തിരയാതിരിക്കാൻ ശീലിക്കും 

എന്നേക്കാൾ പ്രണയമുള്ളവളുടെ പിറന്നാളാശംസ നിന്നെ ഈ ദിവസം സന്തോഷം കൊണ്ട് മൂടട്ടെയെന്നു ആത്മാർഥമായി ആഗ്രഹിക്കും

Saturday, 20 April 2024

ഭംഗി

 ഞാൻ വേറെ തന്നെ ഒരു ലോകത്താണോ ജീവിക്കുന്നതെന്ന് ഇടയ്ക്ക് എനിക്ക് സംശയം തോന്നും. 

ചിലപ്പോ നിറയെ നിറയെ നിറങ്ങൾ ഇങ്ങനെ ചിത്രകാരന്റെ ചായപ്പെൻസിൽ പോലെ ഒഴുകിയൊഴുകി എന്റെ ചുറ്റിലും നിറഞ്ഞെങ്കിൽ എന്ന് തോന്നും.

ചിലപ്പോൾ കറുപ്പും വെളുപ്പും മാത്രം.

മറ്റ് ചിലപ്പോൾ ശബ്ദങ്ങളോട് സ്നേഹം തോന്നും, ചിലപ്പോൾ നിശ്ശബ്ദതയോട്. 

ഞാൻ എന്തിനാണീ ലോകത്ത് എന്ന് ചിലപ്പോ തോന്നും, പിന്നെ ആലോചിക്കും അമൂർത്തവും അപൂർണവും ആയ ചിലതിനെയൊക്കെ സ്നേഹിക്കാനും ആരെങ്കിലും ഒക്കെ വേണ്ടേ. 

വക്ക് പൊട്ടിയ പാത്രങ്ങളിലും കയ്യടർന്നു പോയ ശില്പങ്ങളിലും അക്ഷരത്തെറ്റുള്ള കവിതകളിലും ഹൃദയം കോർത്തിടുന്ന ചിലർ

Monday, 8 June 2015



ഞാൻ  കുളികഴിഞ്ഞു  വരുമ്പോളാണ്  കണ്ടത്,
നനഞ്ഞ മുടിയുമായി  
എന്റെ മുറിയിൽ,
അവൾ !!!
നീ എന്തൊക്കെ പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല.
കാരണം
അവളുടെ ചുണ്ടുകൾ നീ കടിച്ചത് പോലെ കരിനീലിച്ചിരുന്നു.
ശരിയാണ്
അവൾ എന്നെ കണ്ട് ആകെ പരിഭ്രമിച്ചിരുന്നു
പക്ഷെ  മൂക്കിൻ തുമ്പിലെ
വിയർപ്പുതുള്ളികൾ എന്നെ കണ്ടതിന്റെ ആയിരുന്നില്ല.
ഉടലാകെ  അവൾക്കു  നിന്റെ മണമായിരുന്നു.
നിനക്ക് മാത്രം ഉള്ള നിന്റെ മണം.
എന്നിട്ടും നിനക്കെങ്ങനെ  അവളെ തള്ളിപ്പറയാൻ  പറ്റി.
നിന്റെ മേലുള്ള തീവ്രസ്നേഹത്തിന്റെ അവകാശമോർത്ത്  ഒരു നിമിഷത്തേക്ക്  അവളെന്നെ കണ്ണുകൾകൊണ്ട് എതിരിടുക പോലും ചെയ്തിരുന്നു.
ആ നോട്ടത്തെ ഞാൻ കൊന്നു കളഞ്ഞു.
അവളെ വെറും മറ്റൊരുവൾ ആക്കുന്ന എതിർനോട്ടത്തിൽ
ആ നോട്ടത്തെ ഞാൻ അപ്പോൾ തന്നെ കൊന്നു കളഞ്ഞു.
നിനക്കറിയാമോ
ഭയന്നിട്ടാണ്.
ഭയന്നിട്ടാണ് ഞാൻ അത് ചെയ്തത്.
ഭയന്നിട്ടാണ്.

Saturday, 23 May 2015

ഓർമ്മകൾ

വളരെ കുറച്ച് ഓർമ്മകൾ  മാത്രമേ കടലിൽ ചാടിയോ ട്രെയിനിനു  തലവച്ചോ ചാകാറുള്ളൂ.
അതുങ്ങൾ  അവിടെത്തീരും.
മിക്കതും ഒരു സിഗരറ്റിൽ നിന്ന്  അടുത്തതിലേക്ക്  പുകഞ്ഞുകൊണ്ടിരിക്കും.
അല്ലെങ്കിൽ ബക്കാഡിയിൽ ഒഴിച്ച  നാരങ്ങാനീര്  പോലെ പുളിക്കുകയോ,
കീറിയിട്ട പച്ചമുളക് പോലെ  എരിയുകയോ
ചതച്ചിട്ട  പുതിനയില പോലെ ചവര്ക്കുകയോ  ചെയ്യും.
അതുങ്ങളെക്കൊണ്ടും  വല്യ ശല്യമില്ല.
പിന്നെയും ചിലതുണ്ട്
കോട്ട് പോലും ഇടാൻ  മറന്ന് കട്ട തണുപ്പത്ത് സ്ട്രീറ്റ് ലൈറ്റ്  തെളിഞ്ഞു തുടങ്ങുമ്പോ  നടക്കാനിറങ്ങുന്നവ,
തീരെ  സഹിച്ചുകൂടാത്തതുങ്ങൾ.
നാണമില്ലേ ഹേ..!
മൂക്കുപിഴിയാൻ ഒരു തൂവാലയെങ്കിലും  എടുത്തുകൂടേ..!

Thursday, 21 May 2015

എന്റെ മരമേ.....,


എന്റെ  മരമേ, എന്റെ പ്രേമമേ,
കഞ്ചാവുള്ളതോ ഇല്ലാത്തതോ ആയ ഒരു പുകപോലും 
ഇന്നീനേരം വരെ ഞാൻ എടുത്തിട്ടില്ല.
പ്രേമംകൊണ്ടല്ലാതെ തലതരിക്കാൻ ഇന്നലെ രാത്രി മുതൽഞാൻ ഒരു തുള്ളി മദ്യം തൊട്ടിട്ടില്ല.
എന്റെ മരമേ ഇന്നീ പുലർച്ചയ്ക്ക് 
നിന്നെ ഞാൻ അതിമാരകമായി  പ്രേമിക്കുന്നു.
നിന്റെ പായൽപ്പച്ച തടിയിൽ വെയിൽ തിളങ്ങുന്നു.
നിന്റെ ചെമ്പൻ ചെറുചില്ലകൾ വസന്തതിലേക്ക് തുടുത്തിരിക്കുന്നു.
ഇപ്പോൾ മാത്രം ജനിച്ച കുഞ്ഞിന്റെ വിരലുകൾപോലെ  നിന്റെ പുതുമുകുളങ്ങൾ.
എന്റെ മരമേ, ഇനിയും ഇലമുളയ്ക്കാത്ത നിന്റെ ചില്ലകളിലൊന്നിൽ കോർന്നെന്റെ ഹൃദയം പ്രണയം വാർക്കുന്നു.
അതിസുന്ദരിയും ഗർവിഷ്ടയുമായ കാമുകിയുടെ വിരലുകൾ പോലെ എന്നിലേക്ക്‌ നീണ്ട നിന്റെ ചില്ലകൾ,
എന്റെ നിരാസങ്ങൾ എന്നിൽ തന്നെ ചുരുക്കുന്ന നിന്റെ അതിപ്രലോഭനം.
എന്റെ മരമേ, നിന്നെ തോടാനെനിയ്ക്ക് ഭയമാണ്.
എന്റെ വിരലുകളിൽ വേരുകൾ മുളച്ചേക്കുമോ എന്ന്,
എന്റെ ആത്മാവഴിഞ്ഞു നിന്നിൽ വീണേക്കുമോ എന്ന്,
നോട്ടങ്ങൾ നിന്റെ ചില്ലകളിൽ കോർത്ത്‌ ഈ ജനാലയരികിൽ അനന്തകാലം ഞാൻ നിന്നുപോയേക്കുമോ എന്ന്.
എന്റെ മരമേ, എന്റെ കൊടുംപ്രേമമേ.